Home ആരോഗ്യം മഴക്കാലമാണ്, പ്രമേഹരോഗികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മഴക്കാലമാണ്, പ്രമേഹരോഗികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. ഒപ്പം മഴക്കാല രോഗങ്ങളും വ്യാപകമാകുന്നു. മഴക്കാലത്ത് നമ്മുടെ പ്രതിരോധശേഷി ദുര്‍ബലമാകും. ഈ സമയത്ത് പ്രമേഹരോഗികള്‍ തങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ഭക്ഷണകാര്യത്തില്‍ പോലും കൂടുതല്‍ ശ്രദ്ധ കൊടുക്കണം.

മഴക്കാലത്ത് പൊതുവേ ദാഹം കുറവായിരിക്കും. പക്ഷേ, ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക. പ്രമേഹരോഗികള്‍ സ്ലിപ്പേഴ്‌സ് അല്ലെങ്കില്‍ തുറന്ന ചെരുപ്പുകള്‍ ധരിക്കുന്നത് രോഗം പെട്ടെന്ന് പിടിപെടുന്നതിന് കാരണമാകും. പാദങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് രോഗം വരുന്നത് ഒഴിവാക്കാം.

മഴക്കാലത്ത് ശുചിത്വത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുക. പ്രമേഹരോഗികള്‍ നഖം വൃത്തിയായി സൂക്ഷിക്കണം. മഴക്കാലത്ത് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. വയറിളക്കം പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യതയുമുണ്ട്.

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുത്. കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. ഭക്ഷണം കഴിച്ച ശേഷം വീടിനകത്ത് അല്‍പ്പം നടക്കുക. രാത്രിയിലെ ഭക്ഷണം കഴിഞ്ഞയുടനെ കിടക്കരുത്.