Home ആരോഗ്യം ചൈനയില്‍ വീണ്ടും വൈറസ് പടരുന്നു; വുഹാന്‍ ലാബില്‍ നിന്നുള്ള ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്

ചൈനയില്‍ വീണ്ടും വൈറസ് പടരുന്നു; വുഹാന്‍ ലാബില്‍ നിന്നുള്ള ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്

വുഹാന്‍ നഗരത്തിലെ വൈറോളജി ലാബില്‍ നിന്നാണ് അതിവിനാശകാരിയായ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് എന്ന കണ്ടെത്തലിനു കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനിടെ പ്രഭവകേന്ദ്രത്തില്‍ തന്നെ വീണ്ടും കോവിഡ് പടരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ മേയ് മാസത്തിനു ശേഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വുഹാനില്‍ രോഗം പടര്‍ന്നു. ചൈനയിലെ 32 സംസ്ഥാനങ്ങളില്‍ 15 എണ്ണത്തിലും കോവിഡ് പടര്‍ന്നു പിടിക്കുകയാണ്.

ഡെല്‍റ്റ വേരിയന്റാണു ചൈനയില്‍ വ്യാപകമായി പടരുന്നത്. നാന്‍ജിയാങ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. അതികര്‍ശനമായ നിയന്ത്രണങ്ങളുള്ള ചൈനയില്‍ മഹാമാരി അവസാനിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. ജനസംഖ്യയുടെ 60% പേര്‍ക്കും സിനോഫോം വാക്‌സീന്‍ എടുത്തിട്ടും ഇതാണു സ്ഥിതി.

ഡെല്‍റ്റ വേരിയന്റ് ഗ്വാങ്ഷു നഗരത്തിലും ഹെനാന്‍ പ്രവിശ്യയിലും വ്യാപകമാണ്. ഇവിടെ തന്നെയാണ് വന്‍ പ്രളയത്തില്‍ അടുത്തിടെ 302 പേര്‍ മരിച്ചത്. നാന്‍ജിയാങ് പ്രവിശ്യയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. തലസ്ഥാന നഗരമായ ബെയ്ജിംഗിലും കോവിഡ് തിരിച്ചെത്തിയതോടെ അവിടേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആരേയും പ്രവേശിപ്പിക്കാതായി. പുറത്തേക്ക് ആരും പോകാനും പാടില്ല. ലക്ഷക്കണക്കിന് ജനങ്ങളെ വിവിധ നഗരങ്ങളില്‍ വീടുകളില്‍ നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാതെ ലോകഡൗണില്‍ ആക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയും വ്യാപകമാക്കി.

2019 ഡിസംബറില്‍ പുതിയതരം വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വുഹാന്‍ നഗരത്തില്‍ കാട്ടുമൃഗങ്ങളുടേയും വവ്വാലിന്റേയും പാമ്പിന്റേയുമൊക്കെ ഇറച്ചി വില്‍ക്കുന്ന ചന്തയില്‍ നിന്നാണു വൈറസ് പടര്‍ന്നതെന്നാണ്. എന്നാല്‍ കൊറോണയ്ക്ക് തനിയെ വന്ന വൈറസിന്റെ സ്വഭാവങ്ങളല്ലായിരുന്നു. ലാബില്‍ ജനിതകമാറ്റം വരുത്തിയ വൈറസിന്റെ സ്വഭാവങ്ങളാണ്. മനുഷ്യനിലേക്കു പടരാന്‍ വേണ്ട ജനിതക മാറ്റം സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നിരിക്കുന്നു. ജൈവയുദ്ധം നടത്താന്‍ ഉദ്ദേശിച്ചിരുന്നിരിക്കാം എന്ന് തന്നെയാണ് വിലയിരുത്തല്‍.

വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ (ഡബ്‌ളിയുഐവി) നിന്നു സമീപത്തെ ആശുപത്രികളില്‍ വൈറല്‍ പനിയുമായി വരുന്നവര്‍ വര്‍ധിച്ചുവെന്നാണ് പുതിയ തെളിവുകള്‍. അതേ കാലത്തു തന്നെ കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഈ ഭാഗത്തു നിന്ന് ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്യുന്നതു കൂടിയിട്ടുണ്ട്. 2019 ഡിസംബറിലാണു വുഹാന്‍ നഗരത്തില്‍ രോഗം പടര്‍ന്നതെങ്കില്‍ സെപ്റ്റംബര്‍ 12നു തന്നെ അവിടെ ഇത്തരം സെര്‍ച്ചുകള്‍ വന്നു. അതോടെ വുഹാന്‍ ലാബിന്റെ സുരക്ഷ കാര്യമായി വര്‍ധിപ്പിച്ചു.

ചൈനീസ് പട്ടാളം തന്നെ ലാബിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതാണു പിന്നെ കണ്ടത്. വൈറസിനെക്കുറിച്ചുള്ള ലാബിന്റെ ഡേറ്റ ബേസ് അര്‍ധരാത്രി മരവിപ്പിച്ചു. പുറത്തു നിന്ന് ആര്‍ക്കും ലഭ്യമല്ലാതാക്കി. ജൈവയുദ്ധ, രാസയുദ്ധ വിദഗ്ധനായ മേജര്‍ ജനറല്‍ ചെന്‍ വെയി ലാബിന്റെ ചുമതല ഏറ്റെടുത്തു. പടാളത്തിന്റെ റോന്തുചുറ്റലും വിഡിയോ ക്യാമറ നിരീക്ഷണവും തുടങ്ങി.

വുഹാന്‍ ലാബില്‍ വൈറസിന്റെ ഗെയ്ന്‍ ഓഫ് ഫങ്ഷന്‍ ഗവേഷണങ്ങള്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ സഹായത്തോടെ നടന്നിരുന്നു. വൈറസില്‍ ജനിതകമാറ്റങ്ങള്‍ വരുത്തി ഇവ എങ്ങനെ പെരുമാറുന്നു എന്നു നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന അത്യന്തം അപകടകരമായ ഗവേഷണരീതിയാണിത്. ഇതൊക്കെ നടന്നുവെന്നതിനു തെളിവുണ്ടെങ്കിലും വുഹാന്‍ ലാബ് ബന്ധം അന്വേഷിക്കാന്‍ ചൈന ഇപ്പോഴും സമ്മതിക്കുന്നില്ല. എന്താണ് വൈറസ്, എന്തു മാറ്റങ്ങളാണു വരുത്തിയത് എന്നു കണ്ടെത്തേണ്ടത് വൈറസിനെ വരുതിയിലാകാന്‍ മനുഷ്യരാശിക്കു തന്നെ അത്യന്താപേക്ഷിതമാണെന്നിരിക്കെയാണിത്.