Home ആരോഗ്യം 25 പുതിയ ആവശ്യ മരുന്നുകളുടെ വില നിശ്ചയിച്ചു

25 പുതിയ ആവശ്യ മരുന്നുകളുടെ വില നിശ്ചയിച്ചു

പ്രമേഹം, ആസ്ത്മ, കൊളസ്‌ട്രോൾ തുടങ്ങിയവക്കുള്ള 25 പുതിയ മരുന്നുകളുടെ വില ദേശീയ ഔഷധവിലനിയന്ത്രണസമിതി നിശ്ചയിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടില്ലെങ്കിലും അടുത്തിടെ ചേർന്ന സമിതി യോഗത്തിൽ തീരുമാനമായി.

ഒന്നുമുതൽ എട്ടുവയസ്സുവരെയുള്ള കുട്ടികളിലെ ശ്വാസംമുട്ട് നിയന്ത്രിക്കുന്നതിനുള്ള ബുഡസൊനൈഡ് രണ്ടുമില്ലി റെസ്പ്യൂളിന് 17.79 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നെബുലൈസറുകളിൽ ഉപയോഗിക്കാവുന്ന വിധത്തിൽ ദ്രവരൂപത്തിലുള്ള മരുന്ന് ചെറിയ പ്ലാസ്റ്റിക് പാത്രത്തിൽ നിറച്ചിരിക്കുന്നതാണ് റെസ്പ്യൂൾ. 650 എം.ജി. പാരസെറ്റാമോളും 50 എം.ജി. കഫീനും ചേർന്ന ഗുളികയ്ക്ക് രണ്ടുരൂപ 81 പൈസയാണ് വില.

പ്രമേഹമൂലകമായ ഡപാഗ്ലിഫ്‌ളോസിൻ ചേർന്ന ആറിനങ്ങളുടെ വില നിശ്ചയിച്ചിട്ടുണ്ട്.

പല അളവിലുള്ള ഈ മൂലകവും വ്യത്യസ്ത അളവിൽത്തന്നെയുള്ള മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡും ചേർന്ന ഗുളികകൾക്ക് ആറേകാൽ രൂപമുതൽ 11.17 രൂപവരെയാണ് വില. വേദനയ്ക്കും നീരുവീഴ്‌ചക്കുമെതിരേയുള്ള ഡൈക്ലോഫെനക് ഡൈഇതൈൽഅമിൻ, മീതെയ്ൽ സാലിസിലൈറ്റ്, മെന്തോൾ എന്നിവ ചേർന്ന ജെല്ലിന് ഗ്രാമൊന്നിന് 2.7 രൂപയാണ് വില. ഈ വിലകൾ ജി എസ് ടിക്ക് പുറമേയായിരിക്കും.