Home ആരോഗ്യം ഒമൈക്രോന്‍ വന്ന് ഭേദമായ പലരേയും ഈ ആരോഗ്യ പ്രശ്‌നം അലട്ടുന്നു

ഒമൈക്രോന്‍ വന്ന് ഭേദമായ പലരേയും ഈ ആരോഗ്യ പ്രശ്‌നം അലട്ടുന്നു

1078607412 sestovic/Getty Images

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഒമൈക്രോണിന് വ്യാപനശേഷി കൂടുതലാണെങ്കിലും രോഗികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും വൈദ്യസഹായം തേടേണ്ട അവശ്യകതയിലേക്ക് എത്തിക്കില്ലെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ശരിയല്ലെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഒമിക്രോണിനെ നിസാരമായി കാണരുതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മുന്‍ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ ക്കിടയാക്കുകയും ചെയ്യുമെന്നും ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒമിക്രോണിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. മറ്റ് വകഭേദങ്ങളുമായി ഒമിക്രോണിനെ വേര്‍തിരിച്ചറിയുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് നടുവേദന. യുകെ, യുഎസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ പ്രകാരം നടുവേദനയാണ് ഒമിക്രോണിന്റെ ആദ്യ ലക്ഷണമെന്ന് വ്യക്തമാക്കുന്നു. നടുവേദനയില്‍ നിന്ന് ശരീരത്തിലുടനീളം പേശീവേദനയിലേക്ക് മാറുന്നു. ZOE കൊവിഡ് പഠന ആപ്പ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

ഒമിക്രോണ്‍ ബാധിച്ചപ്പോള്‍ തൊണ്ടവേദന, വിറയല്‍, പനി എന്നിവയായിരുന്നു കണ്ടിരുന്ന പ്രധാന ലക്ഷണങ്ങളെന്ന് 32 കാരിയായ നമ്രത പറയുന്നു. മാത്രമല്ല കാലുകളിലും കടുത്ത വേദന അനുഭവപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ നടുവേദനയും ക്ഷീണവും വല്ലാതെ അലട്ടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

തൊണ്ടവേദന, വരണ്ട ചുമ എന്നിയാണ് കൂടുതല്‍ രോഗികളിലും കണ്ടിരുന്നത്. മുംബൈയിലെ മിക്ക രോഗികളിലും പനിയും തലവേദനയും എന്നിവ റിപ്പോര്‍ട്ട് ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ചിലരില്‍ ക്ഷീണവും ബലഹീനതയും എട്ടാം ദിവസം വരെ നീണ്ടുനില്‍ക്കുന്നതായാണ് കാണുന്നതെന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഫിസീഷ്യന്‍ ഡോ.ഡോ ഹേമന്ത് താക്കര്‍ പറഞ്ഞു.

ശരീരവേദന, നടുവേദന, പനി എന്നിവ ഒമിക്രോണ്‍ രോഗികളില്‍ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങളാണ്. ഡെങ്കിപ്പനിയിലും ശരീരവേദനയും നടുവേദനയും പ്രകടമാകും. ഇത് മൂന്ന് ദിവസത്തേക്ക് സുഖപ്പെടാന്‍ തുടങ്ങും. അതുപോലെ മിക്ക ഒമിക്രോണ്‍ രോഗികളും മൂന്നാമത്തെയോ നാലാമത്തെയോ ദിവസമാകുമ്പോഴേക്കും മെച്ചപ്പെടാന്‍ തുടങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. രോഗം വന്ന് ഭേദമായ ശേഷം ദിവസങ്ങളോളം അസഹനീയമായ ശരീരവേദനയും ബലഹീനതയും നടുവേദനയും പലരേയും അലട്ടുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.