Home വാഹനം ഒരു തവണ ചാര്‍ജ് ചെയ്താല്‍ 500 കിമീ; ഇലക്ട്രിക് ആയി മാറി റോള്‍സ് റോയ്‌സ് റെയ്ത്ത്

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 500 കിമീ; ഇലക്ട്രിക് ആയി മാറി റോള്‍സ് റോയ്‌സ് റെയ്ത്ത്

റോള്‍സ് റോയ്‌സിന്റെ വൈദ്യുത വാഹന മോഡല്‍ നിരത്തിലെത്താന്‍ ഇനിയും സമയമെടുക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, റോള്‍സ് റോയ്‌സിന്റെ ആഡംബര കൂപ്പെയായ റെയ്ത്തിന്റെ വൈദ്യുത വാഹന പതിപ്പ് സ്വന്തം നിലയില്‍ തയാറാക്കി അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് കാനഡയിലെ ബിസിനസുകാരനായ വിന്‍സന്റെ യു. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ പിന്നിടാന്‍ റെയ്ത്ത് ഇ വിക്കാവുമെന്നാണു കമ്പനിയുടെ അഭിപ്രായം.

നാലു വര്‍ഷം നീണ്ട തീവ്രശ്രമത്തിനൊടുവിലാണു യു, റെയ്ത്തിന്റെ വൈദ്യുത വാഹന പതിപ്പ് യാഥാര്‍ഥ്യമാക്കിയത്. റെയ്ത്തിനെ വൈദ്യുത വാഹനമാക്കി മാറ്റാനുള്ള സാധാന സാമഗ്രികള്‍ സംഘടിപ്പിക്കാന്‍ യുവിനു പലതവണ ജപ്പാനും ജര്‍മനിയും യു എസുമൊക്കെ സന്ദര്‍ശിക്കേണ്ടി വന്നു.

വൈദ്യുത പവര്‍ട്രെയ്ന്‍ വികസനത്തിനു ഫണ്ട് തികയാതെ വന്നതോടെ സ്വന്തം വീട് വിറ്റാണ് യു പണം കണ്ടെത്തിയത്. റെയ്ത്ത് ഇ വി വികസന പദ്ധതി അനന്തമായി നീണ്ടതോടെ യു വിന്റെ ഭാര്യയുടെ ക്ഷമയുമറ്റു; അവരും അദ്ദേഹത്തെ കൈവിട്ടു. പക്ഷേ പ്രതിസന്ധികള്‍ക്കിടയിലും തളരാതെ മുന്നേറിയ യു, റോള്‍സ് റോയ്‌സിനും മുമ്പേ കമ്പനിയുടെ വൈദ്യുത വാഹനം യാഥാര്‍ഥ്യമാക്കി.

ഒറ്റ ചാര്‍ജില്‍ കാര്‍ 500 കിലോമീറ്റര്‍ ഓടുമെന്നതാണ് ഈ റെയ്ത്ത് ഇവിയുടെ പ്രധാന സവിശേഷത. മുമ്പ് കാറില്‍ പെട്രോള്‍ നിറയ്ക്കാന്‍ 94.39 ഡോളര്‍(ഏകദേശം 7,086 രൂപ) വേണ്ട സ്ഥാനത്ത് വൈദ്യുതിക്കുള്ള ചെലവ് വെറും 6.29 ഡോളര്‍(ഏകദേശം 472 രൂപ) മാത്രമാണെന്നു യു അവകാശപ്പെടുന്നു.

സ്വന്തം അനുഭവത്തിന്റെ പിന്‍ബലത്തില്‍ പെട്രോള്‍ എന്‍ജിനുള്ള കാറുകളുടെ വൈദ്യുത പതിപ്പ് ഒരുക്കാനായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള റിച്ച്മണ്ടില്‍ മാഴ്‌സ് പവര്‍ എന്ന സ്ഥാപനവും യു ആരംഭിച്ചിട്ടുണ്ട്.

വിദ്യാര്‍ഥിനിയായ മകളുടെ ചോദ്യമാണു റോള്‍സ് റോയ്‌സ് റെയ്ത്തിനെ വൈദ്യുത വാഹനമാക്കി മാറ്റാനുള്ള ദൗത്യത്തിനു പ്രേരണയായതെന്നും യു വിശദീകരിക്കുന്നു. ധനാഢ്യനെന്നു ബോധ്യപ്പെടുത്താനായി പരിസരം മലിനമാക്കുന്ന ആഡംബര കാറോടിച്ചു പോകുന്നതിനെയാണു യുവിന്റെ മകള്‍ വിമര്‍ശിച്ചത്. ഇതിനു പിന്നാലെയാണു റെയ്ത്തിനെ മലിനീകരണ വിമുക്തമാക്കാനുള്ള ശ്രമം തുടങ്ങിയതെന്നു യു വെളിപ്പെടുത്തുന്നു. ഈ ഉദ്യമത്തില്‍ ഒ പ്പം നിന്ന മെക്കാനിക്കുകളും മെഷീനിസ്റ്റുകളുമാണു മാഴ്‌സ് പവറിലെയും ജീവനക്കാര്‍.