Home ആരോഗ്യം നിങ്ങള്‍ക്ക് അറിയാതെ മൂത്രം പോകുന്നുണ്ടോ?; അതിന് ചില കാരണങ്ങളുണ്ട്

നിങ്ങള്‍ക്ക് അറിയാതെ മൂത്രം പോകുന്നുണ്ടോ?; അതിന് ചില കാരണങ്ങളുണ്ട്

റിയാതെ പെട്ടെന്ന് കുറച്ച് മൂത്രം പുറത്തേക്ക് ചോര്‍ന്ന് പോകുന്ന അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. തുമ്മുമ്പോഴോ ചിരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ഓടുമ്പോഴോ കാലൊന്ന് കവച്ച് വയ്ക്കുമ്പോഴോ ഒക്കെ ഇങ്ങനെ സംഭവിച്ചെന്നിരിക്കാം. ഇത്തരത്തിലുള്ള മൂത്ര ചോര്‍ച്ച യൂറിനറി ഇന്‍കണ്ടിനന്‍സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിന് പിന്നിലുള്ള കാരണങ്ങള്‍ പലതാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

മൂത്ര സഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനെയോ അത് പൂര്‍ണമായും കാലിയാക്കാന്‍ സാധിക്കാതെ വരുന്നതിനെയോ ഒക്കെയാണ് യൂറിനറി ഇന്‍കണ്ടിനന്‍സ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ചിലര്‍ക്ക് വലപ്പോഴുമോ മാസത്തില്‍ ഒന്നോ ഒക്കെ സംഭവിക്കുമ്പോള്‍ ചിലരില്‍ ഇതൊരു പ്രതിദിന സംഭവമായെന്ന് വരാം. നിരന്തരം ഇത്തരത്തില്‍ മൂത്രം ചോരുന്നത് വൈദ്യസഹായം തേടേണ്ട അസുഖമാണ്.

പ്രധാനമായും മൂന്ന് തരത്തിലാണ് യൂറിനറി ഇന്‍കണ്ടിനന്‍സ് അനുഭവപ്പെടുന്നത്. ചിരി, വ്യായാമം, ചുമ പോലുള്ള ശാരീരികമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങളെ തുടര്‍ന്നുണ്ടാകുന്ന മൂത്ര ചോര്‍ച്ചയ്ക്ക് സ്‌ട്രെസ്സ് ഇന്‍കണ്ടിനെന്‍സ് എന്ന് പറയും. മൂത്ര സഞ്ചിയുടെ നിയന്ത്രണം ക്ഷണനേരത്തേക്ക് നഷ്ടപ്പെട്ട് ചെറിയ രീതിയില്‍ കുറച്ച് മൂത്രം പുറത്തേക്ക് പോകുന്ന ഈ അവസ്ഥ സാധാരണമാണ്. ഇതിനാല്‍ തന്നെ ഭയപ്പെടേണ്ടതില്ല.

മൂത്രമൊഴിക്കാന്‍ പെട്ടെന്ന് മുട്ടിയതിന് ശേഷം ശുചിമുറി വരെ എത്തുന്നതിനു മുന്‍പ് നിയന്ത്രണം വിട്ട് മൂത്രം പുറത്തേക്ക് ഒഴുകുന്ന സാഹചര്യമാണ് അര്‍ജ് ഇന്‍കണ്ടിനന്‍സ്. മൂത്രമൊഴിക്കുമ്പോള്‍ മൂത്ര സഞ്ചി പൂര്‍ണമായും കാലിയാക്കാനാവാതെ വരുന്നതിനെ തുടര്‍ന്ന് അടിവസ്ത്രത്തില്‍ പിന്നീട് മൂത്രമാകുന്ന അവസ്ഥയാണ് ഓവര്‍ഫ്‌ളോ ഇന്‍കണ്ടിനന്‍സ്. ഡ്രിബ്ലിങ് എന്നും ഇതിന് പറയും.

പല കാരണങ്ങള്‍ കൊണ്ട് മൂത്ര ചോര്‍ച്ച സംഭവിക്കാം. ചിലപ്പോള്‍ അവ നിരുപദ്രവകരമാകും. എന്നാല്‍ ചിലപ്പോള്‍ ഗൗരവതരമായ എന്തെങ്കിലും ആരോഗ്യ പ്രശ്‌നത്തിന്റെ സൂചനയാകാം. നിരന്തരം മൂത്ര ചോര്‍ച്ച സംഭവിക്കുന്നതിന്റെ കാരണങ്ങള്‍ ഇനി പറയുന്നു:

പ്രായമാകുന്നതിനെ തുടര്‍ന്ന് മൂത്ര സഞ്ചിക്ക് ഉണ്ടാകുന്ന ബലക്കുറവ്

പ്രസവത്തെ തുടര്‍ന്നോ എന്തെങ്കിലും അപകടത്തെ തുടര്‍ന്നോ പെല്‍വിക് ഫ്‌ളോര്‍ പേശികള്‍ക്ക് സംഭവിക്കുന്ന ക്ഷതം

പ്രോസ്‌ട്രേറ്റ് ഗ്രന്ഥിയുടെ വീക്കം

പ്രോസ്‌ട്രേറ്റ് അര്‍ബുദമോ മൂത്രസഞ്ചിയിലെ അര്‍ബുദമോ മൂലം മൂത്രസഞ്ചിക്കുണ്ടാകുന്ന സമ്മര്‍ദം

സ്മൃതിനാശം, അല്‍സ്‌ഹൈമേഴ്‌സ് പോലുള്ള നാഡീവ്യൂഹപരമായ രോഗങ്ങള്‍

മൂത്രനാളിയിലും മൂത്രസഞ്ചിയിലും വൃക്കകളിലും ഉണ്ടാകുന്ന അണുബാധ

വൃക്കയില്‍ കല്ല്

ഗര്‍ഭധാരണം

അമിതവണ്ണം

പ്രമേഹം

ആര്‍ത്തവവിരാമം

മൂത്ര ചോര്‍ച്ച നിരന്തരം സംഭവിച്ചാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്. മൂത്ര ചോര്‍ച്ചയോടൊപ്പം ഇനി പറയുന്ന ലക്ഷണങ്ങള്‍ കൂടി ശ്രദ്ധയില്‍ പെട്ടാലും ഉടനെ ചികിത്സ തേടണമെന്ന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു

നടക്കാനോ സംസാരിക്കാനോ ബുദ്ധിമുട്ട്

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മരവിപ്പും, ബലമില്ലായ്മയും

കാഴ്ചക്കുറവ്

ആശയക്കുഴപ്പം

ബോധം നഷ്ടമാകല്‍

വയറിളക്കം