Home പ്രവാസം ചിലവ് കുറഞ്ഞ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല; നാട്ടിലെത്തുന്ന പ്രവാസിയുടെ 14 ദിവസത്തെ ചിലവ് 13,000...

ചിലവ് കുറഞ്ഞ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല; നാട്ടിലെത്തുന്ന പ്രവാസിയുടെ 14 ദിവസത്തെ ചിലവ് 13,000 രൂപ മുതല്‍ 30,000 രൂപ വരെ

കൊവിഡ് പ്രതിസന്ധിയില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാന്‍ കുറഞ്ഞ ചിലവില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന പ്രചാരണം തെറ്റ്. 14 ദിവസത്തെ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ക്ക് പ്രവാസി ചിലവഴിക്കേണ്ടത് 13,000 രൂപ മുതല്‍ 30,000 രൂപ വരെയാണ്. ആദ്യഘട്ടത്തില്‍ നാട്ടിലെത്തുന്നവര്‍ക്ക് സര്‍ക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. പിന്നീട് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നായി. വീടുകളില്‍ സംവിധാനമില്ലാത്തവര്‍ക്ക് സര്‍ക്കാന്‍ പെയ്ഡ് ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഈ ലിസ്റ്റില്‍ ഒരു ദിവസത്തേക്ക് 600 രൂപ മുതല്‍ 2500 രൂപ വരെ ഈടാക്കുന്ന കേന്ദ്രങ്ങളുണ്ട്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പ്രവാസികള്‍ ഇതില്‍ ചിലവ് കുറഞ്ഞ സെന്ററുകളില്‍ ബന്ധപ്പെടും എന്നാല്‍ സൗകര്യം ഇല്ലെന്നായിരിക്കും മറുപടി. പിന്നീട് പണം മുടക്കി മറ്റു സെന്ററുകള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. മാസങ്ങളോളം ശമ്പളമില്ലാതെയും ജോലി നഷ്ടപ്പെട്ടും നാട്ടിലേക്ക് തിരിച്ചെത്തുന്ന ഇവര്‍ക്ക് ഈ ചിലവ് താങ്ങാവുന്നതിലും അപ്പുറത്താണ്. കുറഞ്ഞ ചിലവുള്ള സെന്ററുകളുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ല എന്നാണ് ഉടമകള്‍ പറയുന്നത്. വന്‍കിട ഹോട്ടല്‍ ഉടമകളുമായി മാത്രം കരാര്‍ ഒപ്പിടുന്ന ഉന്നതര്‍ ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്, കൊവിഡ് പ്രതിസന്ധികള്‍ക്ക് തൊട്ടുമുന്‍പ് വരെ നമ്മുടെ നാടിന്റെ സമ്പദ് വ്യവസ്ഥയില്‍ സ്വാധീനം ചെലുത്തിയിരുന്നത് ഈ പ്രവാസികളുടെ സമ്പാദ്യമായിരുന്നു. ഇവരുടെ കണ്ണൂനീര്‍ കാണാതെ പോകരുത്.