Home നാട്ടുവാർത്ത 12 മണിക്കൂറുകള്‍ കൊണ്ട് എന്റെ അക്കൗണ്ടില്‍ എത്തിയത് 50 ലക്ഷം രൂപയാണ്, ഞാന്‍ ഇപ്പോള്‍ വേണ്ടെന്ന്...

12 മണിക്കൂറുകള്‍ കൊണ്ട് എന്റെ അക്കൗണ്ടില്‍ എത്തിയത് 50 ലക്ഷം രൂപയാണ്, ഞാന്‍ ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞില്ലെങ്കില്‍ പണം ഇനിയും വരും… പക്ഷേ വേണ്ട

സോഷ്യല്‍ മീഡിയയില്‍ കൂടി മാത്രം പരിചയമുള്ള ഇതുവരെ നന്ദുവിനെ നേരില്‍ കാണാത്ത എന്നാല്‍ വീട്ടിലെ സ്വന്തം കുട്ടിയെ പോലെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ആളുകളാണ് 12 മണിക്കൂര്‍ കൊണ്ട് 50 ലക്ഷം രൂപ സ്വരൂപിച്ച് നന്ദു മഹാദേവ എന്ന അക്കൗണ്ടിലേക്ക് അയച്ചത്. ഇനി ആരാണ് നന്ദു മഹാദേവ എന്നല്ലേ… 17ാം വയസ്സില്‍ കാന്‍സര്‍ ബാധിച്ച് വര്‍ഷങ്ങളായി പടപൊരുതുന്നവന്‍. ശരീരത്തിന്റെ ഓരോ അവയവങ്ങളിലും കാന്‍സര്‍ പടര്‍ന്ന് പിടിച്ചപ്പോള്‍ മരിക്കാന്‍ തയ്യാറാകതെ ആയിരങ്ങള്‍ക്ക് തുണയായ കൗമാരക്കാരന്‍. കഴിഞ്ഞ വര്‍ഷത്തില്‍ ഇടതുകാല്‍ മുറിച്ച് മാറ്റിയിട്ടും നന്ദു കാന്‍സറിനോട് പൊരുതുന്നത് നിര്‍ത്തിയില്ല.

രോഗിയായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് അനുകമ്പ പിടിച്ച് വാങ്ങിയ കുട്ടിയല്ല നന്ദു, പകരം ആയിരക്കണക്കിന് കാന്‍സര്‍ ബാധിതര്‍ക്ക് കരുത്തായി പ്രവര്‍ത്തിച്ചു. അതിജീവനം എന്ന കാന്‍സര്‍ ഫൗണ്ടേഷന്റെ അമരക്കാരനാണ്. തളര്‍ന്ന് പോകുന്നവര്‍ക്ക് കൂട്ടിരുന്നും, കരുത്ത് പകര്‍ന്നും കാര്‍സറിനെതിരെ വിജയിക്കുകയായിരുന്നു.

ഇന്നലെ രാത്രിയാണ് നന്ദു ഫേസ് ബുക്കിലൂടെ ഇനി ബില്‍ അടയ്ക്കാന്‍ പണമില്ലെന്നും വീടിന്റെയും സ്ഥലത്തിന്റെയും ആധാരം പണയത്തിലാണെന്നും പറയുന്നത്. സഹായിക്കാന്‍ പറ്റുന്നവര്‍ സഹായിക്കണം എന്നായിരുന്നു അഭ്യര്‍ത്ഥന. ഈ ലോകത്തിന്റെ ഓരോ കോണില്‍ നിന്നും ആയിരക്കണക്കിന് സന്ദേശങ്ങള്‍ വന്ന് നിറഞ്ഞു. നേരം വെളുക്കുമ്പോള്‍ അക്കൗണ്ടില്‍ 50 ലക്ഷം രൂപ. ഇന്ന് രാവിലെ നന്ദു അടുത്ത പോസ്റ്റ് ഇട്ടു. മതി ഇനി പണം അയക്കരുത്. ഇനിയും ഞാനിത് പറഞ്ഞില്ലെങ്കില്‍ അക്കൗണ്ടിലേക്ക് പണം വന്നു കൊണ്ടേ ഇരിക്കും. ചുറ്റും നില്‍ക്കുന്നവരുടെ സ്‌നേഹത്തിന് നന്ദു നന്ദി പറഞ്ഞത് ഇങ്ങനെയായിരുന്നു.

മതി മതി മതി മതി…
മനസ്സു നിറഞ്ഞാണ്‌ ഞാൻ പറയുന്നത്..

സത്യത്തിൽ ഭയങ്കര അത്ഭുതം തോന്നുന്നു..!

ഈ കൊറോണ ദുരിത കാലത്തും തുച്ഛമായ 12 മണിക്കൂറുകൾ കൊണ്ട് 50 ലക്ഷത്തോളം രൂപയാണ് എന്റെ ഹൃദയങ്ങളായ നിങ്ങൾ എനിക്ക് കണ്ടെത്തി തന്നത്…

ഇപ്പോൾ ഞാൻ മൗനം പാലിച്ചാൽ പൈസ ഇങ്ങനെ വന്നു കൊണ്ടിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം..

അങ്ങനെ ഒരുപാട് പൈസ വരുന്നതിനല്ല ഞാനീ പോസ്റ്റ് ഇട്ടത്..
എനിക്ക് മുന്നോട്ട് പോകാൻ കഴിയാതെ വന്നപ്പോൾ നിങ്ങളുടെ ഒരു കൈത്താങ്ങ് ചോദിച്ചതാണ്..

അത് ന്റെ ചങ്കുകൾ നിമിഷനേരം കൊണ്ട് നൽകുകയും ചെയ്തു..

“സഹായിക്കണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല..”
സഹായിക്കാൻ പറ്റാത്തതിൽ സങ്കടമുണ്ട്..””
പ്രിയപ്പെട്ടവർ അയച്ച മെസ്സേജുകളിൽ 90 ശതമാനം മെസ്സേജും ഇങ്ങനെ ആണ്..

സത്യത്തിൽ നിങ്ങളുടെ ഈ വാക്കുകൾ എന്റെ കണ്ണു നിറച്ചു..

നിങ്ങളുടെ ഈ മനസ്സല്ലേ എന്റെ ഏറ്റവും വലിയ സമ്പാദ്യം..
ഈ സ്നേഹമല്ലേ ഏറ്റവും വലിയ നിധി..

ഞാനാദ്യമായി ഒരു ചെറിയ സഹായം ചോദിച്ചാൽ ഇത്രകണ്ട് സ്നേഹത്തോടെ എന്റെ കൂടെ നിൽക്കുന്ന നിങ്ങളുടെ ഈ സ്നേഹത്തോളം വലുതല്ല ഒന്നും..

നന്ദു ആരാണ് എന്നു ചോദിച്ചാൽ മ്മടെ വീട്ടിലെ കൊച്ചിനെ പോലെയാണ് എന്നു പറയുന്ന ആ അംഗീകാരത്തോളം വലുതല്ല ഒരു അംഗീകാരവും..

മുന്നോട്ടുള്ള ചികിത്സയ്ക്ക് എത്ര വരും എന്ന് ചോദിച്ചാൽ കൃത്യമായി എനിക്കറിയില്ല..
കാരണം എന്റെ മുന്നിൽ ഇനി എത്ര കീമോ ഉണ്ടെന്നോ ഇനിയെത്ര സർജറി ഉണ്ടെന്നോ എനിക്കറിയില്ല..
എന്റെ ഡോക്ടർമാർക്കും പറയാൻ കഴിയില്ല..
എന്തായാലും ഈ തുകയ്ക്കുള്ളിൽ അത് സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം..

ഒരു കാര്യം ഞാനുറപ്പ് തരുന്നു..
അത് ഒരു ധാരണ വരുത്തിയ ശേഷം ട്രീറ്റ്മെന്റ് കഴിഞ്ഞ് അധികം വരുന്ന തുക മുഴുവൻ നിങ്ങളുടെ സമ്മതത്തോടെ തന്നെ അർഹതയുള്ള കരങ്ങളിൽ നമ്മളെല്ലാരും ഒന്നിച്ചു നിന്ന് എത്തിക്കും…

ഞാനെന്നും വേദനിക്കുന്നവരുടെ ഒപ്പം നിന്നവനാണ്..
മരണം വരെ അങ്ങനെ തന്നെ ആയിരിക്കും..

ഓരോരുത്തരുടെയും പേര് പറഞ്ഞു നന്ദി പറയാൻ കഴിയാത്ത അത്രയും അനന്തമായ ലിസ്റ്റ് ആണ്..
അതുകൊണ്ട് എന്നെ സഹായിച്ച ഷെയർ ചെയ്ത എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഓരോരുത്തരോടും വാക്കുകൾ കൊണ്ട് തീരാത്ത നന്ദി അറിയിക്കുകയാണ്..

കേരളം എന്നെ സഹായിക്കുകയല്ല..
എന്റെ അമ്മയാകുകയാണ്..

നിങ്ങളുടെ സ്വന്തം

നന്ദു മഹാദേവ