Home വിനോദം ‘ഓണമെന്നാല്‍ ഓര്‍മ്മവരുന്നത് ആ നല്ലനാളുകളാണ്’: ബാലി വേഷത്തില്‍ ഉണ്ണിമായ

‘ഓണമെന്നാല്‍ ഓര്‍മ്മവരുന്നത് ആ നല്ലനാളുകളാണ്’: ബാലി വേഷത്തില്‍ ഉണ്ണിമായ

ബിഗ്‌സ്‌ക്രീനിലും അണിയറയിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ഉണ്ണിമായ. നിരവധി ചെറിയ റോളുകളിലൂടെ പ്രേക്ഷകമനസിലിടം നേടിയ ഉണ്ണിമായ അഞ്ചാം പാതിരയിലെ പൊലീസുകാരിയിലൂടെ ഒരു മുഴുനീള കഥാപാത്രമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ചു.

ചെറിയ വേഷങ്ങള്‍പോലും മനോഹരമാക്കാന്‍ ഉണ്ണിമായയ്ക്ക് പ്രത്യേക കഴിവാണ്. ഏതുകഥാപാത്രവും തന്മയത്വത്തോടെ താരത്തിന്റെ കയ്യില്‍ ഭദ്രം എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ല ഉണ്ണിമായയുടെ കലാവാസന. ഇപ്പോള്‍ തന്റെ കൂടിയാട്ടം പഠനകാലത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരം.

ഓണം അവധിക്ക് ഗുരു പൈങ്കുളം നാരായണ ചാക്യാരുടെ വീട്ടില്‍ കൂടിയാട്ടം പഠിക്കാന്‍ പോയതിനെക്കുറിച്ചാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അരങ്ങില്‍ കൂടിയാട്ടം ചെയ്യുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

ഉണ്ണിമായയുടെ കുറിപ്പ് വായിക്കാം

ഇന്‍ ആന്‍ഡ് അസ് ബാലി, ഓണമെന്നാല്‍ ഓര്‍മയില്‍ വരുന്നത് കൂടിയാട്ടം പഠിച്ചിരുന്ന ആ നല്ല നാളുകളാണ്. ഓണാവധിക്ക് എന്റെ ഗുരു പൈങ്കുളം നാരായണ ചാക്യാര്‍ വീട്ടില്‍ ക്ലാസുകള്‍ വയ്ക്കാറുണ്ട്. അദ്ദേഹത്തിന്റെ വീടിനു പിറുകുവശത്തെ മൂന്നു നിലയുള്ള കുളപ്പുരയിലാണ് ഞങ്ങള്‍ താമസിക്കാറുള്ളത്. രാവിലെ ചിട്ടയോടെയുള്ള പഠനം. വൈകീട്ട് ഒത്തുകൂടലും രസങ്ങളും. അദ്ദേഹത്തിന്റെ ഭാര്യ(ലേഖോപ്പോള്‍) സഹോദരിയെപ്പോലെത്തന്നെയായിരുന്നു ഞങ്ങള്‍ക്ക്. അടുക്കളയില്‍ എന്തെങ്കിലും കാര്യമായി സ്‌പെഷ്യലുണ്ടാകും എന്നും. വൈകുന്നേരങ്ങളും രസകരമായിരുന്നു. ഭാരതപ്പുഴയിലേക്കുള്ള നടത്തവും ചര്‍ച്ചകളും കഥകളും നക്ഷത്രം നോക്കിയുള്ള കിടപ്പും..കലയെ ആഴത്തില്‍ അറിയുന്നതോടൊപ്പം കൂടിച്ചേരലിന്റെ സത്തയും ഞങ്ങളെ പരിചയിപ്പിച്ച നാരായണേട്ടന്റെ കാഴ്ച്ചപ്പാട് വളരെ വലുതായിരുന്നു.’