Home ആരോഗ്യം കൂടുതല്‍ കുടിച്ചാല്‍ കാപ്പിയും വില്ലന്‍; അപകടം അറിഞ്ഞ് ഒഴിവാക്കാം

കൂടുതല്‍ കുടിച്ചാല്‍ കാപ്പിയും വില്ലന്‍; അപകടം അറിഞ്ഞ് ഒഴിവാക്കാം

കാപ്പിയും ചായയും ഒഴിച്ച് കൂടാത്തവരാണ് അധികവും. ദിവസം തുടങ്ങുന്നത് മുതല്‍ വൈകുന്നേരം വരെയുള്ള സമയത്തിനുള്ളില്‍ രണ്ടോ മൂന്നോ കപ്പ് കാപ്പിയോ ചായയോ എല്ലാം കുടിക്കുന്നവരുണ്ട്. എന്നാല്‍ ഒരല്‍പം ക്ഷീണം തോന്നുമ്പോഴേക്കും അല്ലെങ്കില്‍ എന്തെങ്കിലും മൂഡ്‌സ്വിങ്ങ്‌സ് വരുമ്പോഴേക്കും ചായയിലും കാപ്പിയിലുമെല്ലാം തുടര്‍ച്ചയായി അഭയം തേടുന്നവര്‍ ശ്രദ്ധിക്കണം.

ഇത്തരത്തില്‍ അമിതമായി ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര ആരോഗ്യകരമല്ല. കാപ്പി, അമിതമാവുകയാണെങ്കില്‍ നമ്മളില്‍ സംഭവിക്കാവുന്ന ‘നെഗറ്റീവ്’ ഫലങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

കാപ്പി അധികം കഴിക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന കഫീനും അമിതമായി ശരീരത്തിലെത്തുന്നു. ഇത് ‘ഇന്‍സോമാനിയ’ അഥവാ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നമ്മെ എത്തിച്ചേക്കാം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

കൂടാതെ, കാപ്പി അധികമാകുന്നത്, ഉത്കണ്ഠയിലേക്ക് നയിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കഫീന്‍ ഹോര്‍മോണുകളെ സ്വാധീനിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാല്‍ നിരാശയോ മാനസിക സമ്മര്‍ദ്ദങ്ങളോ അനുഭവപ്പെട്ടാല്‍ ഉടനെ കാപ്പിയെ ആശ്രയിക്കുന്ന ശീലം ഉപേക്ഷിക്കാം.

ചിലരില്‍ കാപ്പി അമിതമാകുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇടയാക്കിയേക്കാം. വയര്‍ കെട്ടിവീക്കുന്ന അവസ്ഥ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളാണ് ഇത് സൃഷ്ടിക്കുക. ഇത്തരക്കാര്‍, കൂടുതലായി ഹെര്‍ബല്‍ ചായകളെ ആശ്രയിക്കുന്നതാണ് ഉത്തമം.

രക്തസമ്മര്‍ദ്ദമുള്ളവരാണെങ്കില്‍ അമിതമായി കാപ്പി കഴിച്ചാല്‍ അത് ആരോഗ്യാവസ്ഥയെ ഒന്നുകൂടി മോശമാക്കും. രക്തസമ്മര്‍ദ്ദം ഉയരാന്‍ കഫീന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാലിത് താല്‍ക്കാലികമായ മാറ്റമായിരിക്കും.

ഊര്‍ജ്ജത്തിനും ഉണര്‍വ്വിനും വേണ്ടി കാപ്പിയെ ആശ്രയിക്കുന്നവര്‍ ധാരാളമാണ്. അതേസമയം കാപ്പി അധികമായാല്‍ ഇതിന്റെ വിപരീത ഫലമാണ് ഉണ്ടാവുകയെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.