Home ആരോഗ്യം ഒരു മനുഷ്യന്റെ വയറ്റില്‍ 70,000ത്തില്‍ അധികം അജ്ഞാത വൈറസുകള്‍; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

ഒരു മനുഷ്യന്റെ വയറ്റില്‍ 70,000ത്തില്‍ അധികം അജ്ഞാത വൈറസുകള്‍; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

നുഷ്യന്റെ വയറ്റില്‍ 70,000ലേറെ അജ്ഞാത വൈറസുകളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. പുതിയ കണ്ടെത്തല്‍ ദുരൂഹത സൃഷ്ടിക്കുന്നതാണ്. വയറ്റില്‍ ദഹനപ്രക്രിയയെ സഹായിക്കുന്ന സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്ന വൈറസുകളാണിവ. എന്നാലിത് ഏങ്ങനെയാണ് മനുഷ്യശരീരത്തെ ബാധിക്കുന്നതെന്ന് ദുരൂഹതയായി തുടരുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു.

അതേസമയം ഒരു മനുഷ്യന്റെ ഉദരത്തില്‍ മാത്രം ഇത്രയേറെ വൈറസ് വൈവിധ്യം കണ്ടെത്താനാവില്ലെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. നമ്മുടെ ദഹന വ്യവസ്ഥയോട് ചേര്‍ന്ന് നിരവധി സൂക്ഷ്മ ജീവികളുണ്ട്. കഴിക്കുന്ന ഭക്ഷണം കൃത്യമായി ദഹിപ്പിക്കുന്നതില്‍ അടക്കം ഇവയ്ക്കുള്ള പങ്ക് വലുതാണ്. എന്നാല്‍, ഇവയുടെ സന്തുലനത്തില്‍ മാറ്റം വന്നാല്‍ പല അസുഖങ്ങള്‍ക്കും അത് ഇടയാക്കും. കരള്‍ രോഗങ്ങളും പൊണ്ണത്തടിയും അലര്‍ജിയുമൊക്കെയാകും ഇവയുടെ പരിണിത ഫലം. ജേണല്‍ സെല്ലിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്നും ശാസ്ത്രലോകത്തിന് ശരീരത്തിനകത്തെ സൂഷ്മാണു വ്യവസ്ഥയെക്കുറിച്ച് വലിയ അറിവില്ലെന്ന സൂചന നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍. ബാക്ടീരിയകളും വൈറസുകളും അടങ്ങുന്നതാണ് സൂക്ഷ്മാണു വ്യവസ്ഥ.കണ്ടെത്താന്‍ എളുപ്പമാണെന്നതുകൊണ്ട് തന്നെ നേരത്തെ കുടലിനകത്തെ സൂഷ്മാണുക്കളില്‍ മാത്രമായിരുന്നു മുന്‍ പഠനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

പുതിയ പഠനത്തില്‍ ഗവേഷകര്‍ മെറ്റജെനോമിക്‌സ് എന്ന സാങ്കേതികവിദ്യയാണ് പുതിയ വൈറസുകളെ തിരിച്ചറിയുന്നതിന് ഉപയോഗിച്ചിരിക്കുന്നത്. സൂഷ്മാണുക്കളുടെ കൂട്ടത്തില്‍ നിന്നും അവയുടെ ജനിതകഘടന തിരിച്ചറിയുകയും അതുപയോഗിച്ച് പ്രത്യേകം വിഭാഗങ്ങളെ തിരിച്ചറിയുകയുമായിരുന്നു ചെയ്തത്. പഠനത്തിനായി 28 രാജ്യങ്ങളില്‍ നിന്നായി 28,000 സൂഷ്മാണു സാംപിളുകള്‍ ഗവേഷകര്‍ ശേഖരിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് 1,40,000 വിവിധ വിഭാഗത്തില്‍ പെട്ട വൈറസുകള്‍ മനുഷ്യന്റെ വയറ്റിലുണ്ടാകുമെന്ന് കണ്ടെത്തിയത്.

ബാക്ടീരിയകളെ ഭക്ഷിക്കുന്ന ബാക്ടീരിയോഫേഗുകളിലാണ് പഠനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കണ്ടെത്തിയതില്‍ ഭൂരിഭാഗം ബാക്ടീരിയകളും നിരുപദ്രകാരികളും നമ്മുടെ ശരീരത്തിന് ആവശ്യമായവയുമാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ലൂയിസ് കമാരില്ലോ ഗുവേറോ പറയുന്നത്. ഉദര സൂഷ്മാണുവ്യവസ്ഥയില്‍ ഇത്തരം ബാക്ടീരിയോഫേഗുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും ഏതെല്ലാം ബാക്ടീരിയകള്‍ക്ക് ദഹനവ്യവസ്ഥയില്‍ മുന്‍തൂക്കം ലഭിക്കുന്നുവെന്നതടക്കമുള്ള കാര്യങ്ങള്‍ സൂഷ്മാണുക്കളെ ഭക്ഷിക്കുന്ന ബാക്ടീരിയോഫേഗുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.