Home പ്രവാസം പ്രതിരോധ ശേഷിയുള്ളവര്‍ക്ക് മാത്രം മാളുകളില്‍ ഷോപ്പിങ് നടത്താം; സൗദിയില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാക്കി

പ്രതിരോധ ശേഷിയുള്ളവര്‍ക്ക് മാത്രം മാളുകളില്‍ ഷോപ്പിങ് നടത്താം; സൗദിയില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാക്കി

സൗദി അറേബ്യയില്‍ പ്രതിരോധ ശേഷി ഉള്ളവര്‍ക്ക് മാത്രം മാളുകളിലും കടകളിലും പ്രവേശിക്കാമെന്ന നിയമം വരുന്നു. നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പ്രവേശനം ലഭിക്കാന്‍ ‘തവക്കല്‍ന’ആപ്ലിക്കേഷനില്‍ ‘ഇമ്യൂണ്‍’ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും വിപണികളിലും പ്രവേശിക്കാന്‍ തവക്കല്‍നയില്‍ രോഗപ്രതിരോധ ശേഷി നേടിയതായി പ്രദര്‍ശിപ്പിക്കണം. ഇക്കാര്യത്തില്‍ നേരത്തെ പുറപ്പെടുവിച്ച നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, കോവിഡ് വൈറസ് അണുബാധയില്‍ നിന്ന് മുക്തി നേടിയതിന് ശേഷം ഒരു ഡോസ് സ്വീകരിച്ചവര്‍ എന്നിവര്‍ക്കാണ് ആപ്ലിക്കേഷനില്‍ ഇങ്ങനെ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭ്യമാവുക. ചില വിഭാഗക്കാര്‍ക്ക് അവരുടെ പ്രായത്തിന്റെയും ആരോഗ്യസ്ഥിതിയുടെയും അടിസ്ഥാനത്തില്‍ ഇളവ് അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ ഓഗസ്റ്റ് ഒന്നു മുതല്‍ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാണിജ്യ കേന്ദ്രങ്ങള്‍, മാളുകള്‍, മൊത്തവ്യാപാര, റീട്ടെയില്‍ സ്റ്റോറുകള്‍, പബ്ലിക് യൂട്ടിലിറ്റി മാര്‍കറ്റുകള്‍, റസ്റ്ററന്റുകള്‍, കഫേകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, വനിതാ ബ്യൂട്ടി സലൂണുകള്‍ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് സൗദി അംഗീകരിച്ച വാക്‌സിനുകളില്‍ ഒന്നോ രണ്ടോ ഡോസുകള്‍ എടുക്കുകയോ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടുകയോ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

എല്ലാ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പൊതു ഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്നതിനും രോഗപ്രതിരോധ സ്റ്റാറ്റസ് തവക്കല്‍ന ആപ്ലിക്കേഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഇത് നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓരോ മേഖലയിലെയും അധികാരികള്‍ അവരുടെ പരിധിയിലെ ജീവനക്കാരും ഇടപാടുകാരും ഈ വ്യവസ്ഥകള്‍ പാലിച്ചുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

വാക്‌സിന്‍ സ്വീകരിക്കാതെ പുറത്ത് നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇത് ലംഘിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ വരെയാണ് പിഴ. കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഓരോ കേന്ദ്രത്തിലേക്കും കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. പൊതു ജനാരോഗ്യ വിഭാഗത്തിന്റെ നിരന്തര നിരീക്ഷണത്തിനും വിലയിരുത്തലിനും വിധേയമായിട്ടായിരിക്കും പുതിയ നടപടികക്രമങ്ങള്‍ പ്രവര്‍ത്തികമാക്കുകയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

അസ്ട്രാസെനക്ക, ഫൈസര്‍- ബയോടെക്, ജോണ്‍സണ്‍ & ജോണ്‍സണ്‍, മോഡേണ എന്നീ നാല് കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്കാണ് സൗദിയില്‍ അംഗീകാരമുള്ളത്. ഈ വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്ന് ഒരു ഡോസ് സ്വീകരിച്ചവര്‍ പിന്നീട് സിനോഫാറം അല്ലെങ്കില്‍ സിനോവാക് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചാലും സൗദിയില്‍ അംഗീകരിക്കും.