Home വിനോദം ബിഗ് ബഡ്ജറ്റ് ചിത്രം മധുരരാജയുടെ നിർമ്മാതാവ് കുന്നംകുളത്തുകാരൻ. ഡ്രൈവർ നിർമ്മാതാവായ കഥ.

ബിഗ് ബഡ്ജറ്റ് ചിത്രം മധുരരാജയുടെ നിർമ്മാതാവ് കുന്നംകുളത്തുകാരൻ. ഡ്രൈവർ നിർമ്മാതാവായ കഥ.

മധുര രാജ എന്ന മമ്മൂട്ടിച്ചിത്രത്തിന്റെ നിർമാതാവിന്റെ കഥയറിയാമോ…
അതിൽ സിനിമാക്കഥ പോലെ ട്വിസ്റ്റുണ്ട്. നാട്ടിലും വിദേശത്തും ടാക്സിഡ്രൈവറായ കുന്നംകുളത്തുകാരൻ നെൽസൺ ഐപ്പ് സൂപ്പർതാരചിത്രത്തിന്റെ നിർമാതാവായ കഥ ഇങ്ങനെ…
നേരത്തേ നാട്ടിൽ ഡ്രൈവറായിരുന്നു.
മുപ്പത് കൊല്ലം മുമ്പാണ് ഈ കുന്നംകുളം സ്വദേശി ഗൾഫിലെത്തുന്നത്. ജീവിതം കൂട്ടിമുട്ടിക്കാൻ ദുബായ് റോഡുകളിൽ ടാക്സി ഓടിച്ചു. പ്രാരബ്ധക്കാരനായ പ്രവാസി. അപ്പോഴും നെൽസന്റെ മോഹവും ലക്ഷ്യവും സ്വന്തമായി ഒരു വാഹനം വാങ്ങണമെന്നതായിരുന്നു.രാപ്പകൽ അധ്വാനിച്ച് ടാക്സി ഓടിച്ച് നെൽസൺ ആ സ്വപ്നം യാഥാർഥ്യമാക്കി -സ്വന്തമായി ഒരു ലോറി വാങ്ങി.പിന്നെ മൂന്നുലോറികൾകൂടി വാങ്ങി.പക്ഷേ,ഒരിക്കൽ ലോറികളിലൊന്ന് അപകടത്തിൽപ്പെട്ടു. തുടർന്നുള്ള പ്രശ്നങ്ങൾ നെൽസനെ വീണ്ടും തൊഴിലാളിയാക്കിമാറ്റി. വീണ്ടും വളയത്തിലും പ്രാരബ്ധത്തിലും ചുറ്റിത്തിരിഞ്ഞ് ജീവിതം. എങ്കിലും തളർന്നില്ല. അസാമാന്യമായ ഇച്ഛാശക്തിയുമായി നെൽസൺ ജീവിതം തിരിച്ചുപിടിച്ചു. ഇപ്പോൾ മുപ്പതിലേറെ ലോറികൾ സ്വന്തമായിട്ടുണ്ട് നെൽസണ്.

27 കോടിയിൽപരം രൂപ മുടക്കി മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിലൊന്ന് നിർമ്മിച്ച നെൽസൺ വന്ന വഴി മറന്നിട്ടില്ല. പോക്കിരിരാജയിലെ രാജയെ ഏറെ ഇഷ്ടമായിരുന്നു നെൽസണ്. ഈ ഇഷ്ടവും സിനിമയോടുള്ള അടുപ്പവുമാണ് നെൽസണെ മധുരരാജയുടെ നിർമ്മാതാവാക്കിയത്. സിനിമയുടെ അണിയറക്കാരുമായി നെൽസണ് നേരത്തേ അടുപ്പമുണ്ടായിരുന്നു. മിസ്റ്റർ മരുമകൻ എന്ന സിനിമയുടെ സഹനിർമ്മാതാവായിരുന്നു.

നിർമാതാവായെങ്കിലും നെൽസൺ ഇപ്പോഴും സാധാരണക്കാരനായിത്തന്നെ ട്രാൻസ്പോർട്ട് കമ്പനിയുടെ കാര്യങ്ങൾ നോക്കിനടക്കുന്നു. ആവശ്യം വന്നാൽ ഇനിയും വളയം പിടിക്കാനും മടിയില്ല.