Home കായികം കൊറോണയില്‍ നിന്നും നമ്മുടെ കായിക ലോകത്തിന് ഒരു തിരിച്ച് വരവുണ്ടാകുമോ? ഇനിയുള്ള കാലം കമ്പ്യൂട്ടര്‍ ജനറേറ്റഡ്...

കൊറോണയില്‍ നിന്നും നമ്മുടെ കായിക ലോകത്തിന് ഒരു തിരിച്ച് വരവുണ്ടാകുമോ? ഇനിയുള്ള കാലം കമ്പ്യൂട്ടര്‍ ജനറേറ്റഡ് കാണികളായിരിക്കുമോ…? ഡോ. ഹരികൃഷ്ണന്‍ എഴുതുന്നു

ലോകം മുഴുവന്‍ കൊവിഡ് പ്രതിസന്ധിയില്‍ ശ്വാസം മുട്ടുമ്പോള്‍ മനുഷ്യന്‍ ജീവരക്തം പോലെ നെഞ്ചിലേറ്റിയ നമ്മുടെ കായിക ലോകം എരിഞ്ഞമരുന്നത് കണ്ടുനില്‍ക്കാനേ കഴിയുന്നുള്ളൂ… ലോകത്തിന്റെ ഏതു കോണിലുമുള്ള ജനങ്ങളെ ഒരു വികാരത്തിന് കീഴില്‍ കൊണ്ടു വരാനുള്ള ആ മാന്തിക ശക്തിയ്ക്ക് എന്നാണ് തിരിച്ച് വരവുണ്ടാകുന്നത്,, എന്നാണ് നമ്മള്‍ ഈ പ്രതിസന്ധിയില്‍ നിന്നും തിരിച്ചു കയറുന്നത്. കൈയ്യെത്താ ദൂരത്താണ് ഉത്തരങ്ങളിപ്പോള്‍…

രണ്ട് മഹായുദ്ധങ്ങളും മഹാമാരികളും അതിജീവിച്ച് പഴയതില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച കായിയലോകം രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പം കൂട്ടിയിട്ടുണ്ട്.. കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോയി… കായിക ലോകത്ത് സംഭവിക്കാന്‍ പോകുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് എഴുത്തുക്കാരനും ചിത്രക്കാരനുമായ ഡോക്ടര്‍ ഹരികൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ലോകമെമ്പാടുമുള്ള ജനങ്ങളെ ഒരുമിപ്പിച്ചത് മറ്റേതിനേക്കാളും കായികരംഗമാണ്. എപ്പോഴൊക്കെ തടഞ്ഞു നിർത്തപ്പെട്ടിട്ടുണ്ടോ, അപ്പോഴൊക്കെ അത് പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്നിട്ടുമുണ്ട്.
സ്പോർട്ട്സിന് ജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന ഒരു മന്ത്രവിദ്യയുണ്ട്. അതിനെ നിലനിർത്തുന്ന നൈതികതയും, രാഷ്ട്രീയവും സൗന്ദര്യവുമുണ്ട്.
ഒരുമയ്ക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കളിസ്ഥലങ്ങൾ എത്ര തവണ വേദിയായിരിക്കുന്നു. ജനാധിപത്യത്തിന്റെ മരണത്തിനെതിരെ കറുപ്പു ശീലയുമായി ആൻഡി ഫ്ലവറും ഹെൻറി ഒലോംഗയും, ഫെമിനിസത്തിന്റെ കൈയ്യൂക്ക് കാണിച്ച ബില്ലി ജീൻ കിംഗ്, ഫ്രാങ്കോയുടെ ഏകാധിപത്യത്തിനെതിരെ ബാസ്കെയുടെ പതാകയുയർത്തിയ ഹോസേ ഇരിബാർ, ഹിറ്റ്ലറുടെ അഹന്തയെ
തോല്പിച്ച ജെസ്സി ഓവൻസ്, കറുത്തവർഗ്ഗക്കാരനായ ആദ്യത്തെ ക്രിക്കറ്റ് ക്യാപ്റ്റനായ ഫ്രാങ്ക് വോറൽ, കറുപ്പിന്റെ ഉരുക്കുമുഷ്ടികളുയർത്തിയ ടോമി സ്മിത്തും ജോൺ കാർലോസും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയ വിൽമ റുഡോൾഫ്, അങ്ങനെയങ്ങനെ
വലിയൊരു രാഷ്ട്രീയചിത്രം തന്നെ സ്പോർട്ട്സിലൂടെ വരയ്ക്കപ്പെട്ടിട്ടുണ്ട്.

എല്ലാറ്റിനും പുറമേ വിവരിക്കാനാവാത്ത ലഹരിയുമാണത്.
ഈ കോവിഡ് കാലത്ത് ഏറ്റവും പുറകിലേക്കു പോയ ഒന്നാണ് കായികരംഗം. കാണികളില്ലാതെ സ്പോർട്സിന് മുന്നോട്ടു പോകാനാവുമോ?
“ക്വയറ്റ് പ്ലീസ്” എന്നു വിളിച്ചുപറയുന്ന അമ്പയറില്ലാത്ത വിംബിൾഡൺ, ശബ്ദഘോഷങ്ങളുടെ അകമ്പടിയില്ലാത്ത വാങ്കഡെ സ്റ്റേഡിയം, ഗോൾ എന്ന ഒരിക്കലും തീരാത്ത ആർപ്പുവിളിക്കൊപ്പം ഇരമ്പുന്ന കാണികളില്ലാത്ത കാമ്പ് നൗ, കലിപ്സോ സംഗീതമില്ലാത്ത സബീന പാർക്ക്, സാംബ താളമില്ലാത്ത മരാക്കനാ. ചിന്തിക്കാൻ പോലുമാകാത്ത സാധ്യതകളായി അവ നമ്മുടെ മുന്നിൽ നിൽക്കുകയാണ്.
ഒളിമ്പിക് സ്റ്റേഡിയത്തിലെ ദീപശിഖ തെളിയുന്നതിനൊപ്പമുള്ള ഹർഷാരവം, ഉസൈൻ ബോൾട്ടും ഹവിയേർ സോട്ടോമെയറും ലോകറെക്കോഡുകൾ തകർത്തെറിയുമ്പോഴത്തെ ചെകിടടപ്പിക്കുന്ന മാറ്റൊലികൾ ഇവയെല്ലാം എങ്ങോട്ടോ മറഞ്ഞുപോയ ഒരു പഴയകാലത്തെ സൂചിപ്പിക്കുന്ന പോലെ?
ആ നഷ്ടബോധം വല്ലാത്തൊരു നൊമ്പരമായി ഉള്ളിൽ തേങ്ങുന്നുണ്ട്.
ഇനിയുള്ള കാലം

ചിലപ്പോൾ കമ്പ്യൂട്ടർ ജനറേറ്റഡ് കാണികളായിരിക്കും പ്രത്യക്ഷപ്പെട്ടേക്കുക.
പക്ഷെ, എന്തൊക്കെയായാലും സ്പോർട്ട്സിന് തിരിച്ചുവന്നേ പറ്റൂ. ലക്ഷോപലക്ഷം കായികപ്രേമികളെ ഉദ്ദീപിപ്പിച്ചു നിർത്തിയ ഒന്നാണത്. ജീവനാഡി. വരും. തീർച്ചയായും വരും.
പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, നിരാശയ്ക്ക് കീഴ്പ്പെടാതെ എന്നെപ്പോലെ ലോകമെമ്പാടുമായി എത്രയോ പേർ….❤️

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം